മറക്കാതിരിക്കാന്‍ മൈന്‍ഡ്‌ മാപ്പിംഗ് 

0
2177

‘Nature നട്ടൂരെ Nature നട്ടൂരെ Nature നട്ടൂരെ’ മധ്യതിരുവതാംകൂറിലെ പ്രശസ്തമായ ഒരു സ്കൂളില്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകന്‍ തന്റെ ഇംഗ്ലീഷ്‌ പഠനം നടത്തുന്നതാണ് നാം മുകളില്‍ കണ്ടത്‌. നട്ടൂരെ ആവര്‍ത്തിച്ച് കേട്ട് ഞെട്ടിയ സുഹൃത്ത് തന്റെ മകനോട്‌ Nature നട്ടൂരെയല്ല നേച്ചര്‍ ആണ് എന്ന് മനസ്സിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ടീച്ചറുടെ വാക്യം വേദവാക്യമായ ഒന്നാം ക്ലാസ്സുകാരന്‍ ഈ അപ്പനെന്തറിയാം എന്ന മട്ടില്‍ വീണ്ടും വീണ്ടും നട്ടൂരികൊണ്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വാട്സാപ്പിലും ഫെയ്സ്ബുക്കിലും വളരെ പ്രചാരം നേടിയ ഒരു വീഡിയോ ഉണ്ട്. തായ്ലാന്റില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിന്റെ. history എന്നതിനെ ഹായ്‌ സ്റ്റോറി എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ആ വീഡിയോ കണ്ട് ചിരിച്ചപ്പോള്‍ നാം അറിയാതെപോയ ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിലെ അവസ്ഥ ചിലപ്പോഴെങ്കിലും ഇതിലും പരിതാപകരമാണ് എന്ന്.

മുകളില്‍ പറഞ്ഞത് പത്തിരുപത്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വളരെ വിദൂരമായ സ്ഥലത്ത്‌ ഒരു സ്കൂളില്‍ സംഭവിച്ചതാണെന്ന് കരുതാനാകും നമുക്കിഷ്ടം. എന്നാല്‍ സത്യമതല്ല. ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ തന്നെയാണ് ഇത് സംഭവിച്ചത്‌.

സ്മാര്‍ട്ട്നെസ്സ് എന്നത് കുട്ടികളില്‍ നിന്നും ക്ലാസ്സ്‌ മുറികളിലേക്ക് പരകായപ്രവേശം നടത്തിയ ഇക്കാലത്ത്‌ ഇങ്ങനെ സംഭവിക്കുന്നത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി ആശ്രസിക്കാന്‍ വരട്ടെ. മധ്യതിരുവതാംകൂറില്‍ തന്നെയുള്ള മറ്റൊരു സ്കൂളിലെ ഗണിതശാസ്ത അധ്യാപികയുടെ ഈ കണ്ടെത്തല്‍ അറിഞ്ഞതിന് ശേഷമാകും ആശ്വസിക്കണോ ആധി കൂട്ടണോ എന്ന് തീരുമാനിക്കാന്‍. π വിലയായി പറയുന്നത് 3.14 എന്ന് അധ്യാപിക. മിടുക്കനായ ഒരു വിദ്യാര്‍ത്ഥി ഒരു ചോദ്യം, 22/7 എന്നും പറയാന്‍ പാടില്ലേ എന്ന്. ഉടന്‍ എത്തി ടീച്ചറിന്റെ ഉത്തരം cbse പഠിക്കുന്നവര്‍ക്ക്‌ π വില 3.14 ആണ്. 22/7 എന്നത് സ്റ്റേറ്റ്‌ സിലബസ്സില്‍ പഠിക്കുന്നവര്‍ക്ക്‌ മാത്രം ബാധകമാണ്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് പോലും വേര്‍ത്തിരിവുണ്ടെന്ന്‍ മനസ്സിലാക്കിത്തന്ന ടീച്ചറെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ്‌ ആര്‍ഭാടത്തില്‍ മുന്നില്‍ നില്‍ക്കുന്ന പല സ്കൂളുകളിലെ പിടിഎ യുടെ പ്രധാന ആവശ്യം കൂടി കേട്ടിട്ടാകാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കാന്‍. ഇതായിരുന്നു ആ ആവശ്യം. സ്കൂള്‍ ഫീസ്‌ കുത്തനെ ഉയര്‍ത്തണം. അതെ, അതുതന്നെയാണ് ആവശ്യം. ഫീസ്‌ ഉയര്‍ത്തണം. അതും ആവശ്യപ്പെടുന്നത് പിടിഎ. കാരണമെന്താണന്നല്ലേ. സാമ്പത്തികമായി ഉയര്‍ന്ന നിലവാരം ഇല്ലാത്തവര്‍ പോലും ഇപ്പോള്‍ നിലവിലുള്ള ഫീസടച്ച് പഠിക്കുന്നു എന്നത് തന്നെ.

DEd, BEd പഠിച്ച് അധ്യാപകരാകാന്‍ തയ്യാറാകുന്നവര്‍ക്ക്‌ പരിശീലനം നല്‍കുമ്പോള്‍ പലപ്പോഴും ഞാന്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. നിങ്ങളില്‍ എത്രപേര്‍ അധ്യാപകനാവണം എന്ന തീവ്രമായ ആഗ്രഹത്തോടെ എത്തിയവരുണ്ട് എന്ന്. പല സ്ഥലങ്ങളിലും 10 ശതമാനം പോലും കാണില്ല. അത്തരക്കാര്‍ക്ക്‌ ഉദ്ദേശിച്ച മറ്റു കോഴ്സുകളിലേക്ക് പ്രവേശനം കിട്ടാതെ എന്നാല്‍പ്പിന്നെ ഇനി ഇത് നോക്കാം എന്ന് കരുതിയ, പെണ്‍കുട്ടികള്‍ക്ക്‌ പറ്റിയ പണി ഇതാണ് എന്ന വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ അനേകം. നല്ല മാര്‍ക്കോടെ പരീക്ഷ പാസ്സായി എന്നതല്ല പലയിടത്തും അധ്യാപകനാവാനുള്ള യോഗ്യത. നേരെമറിച്ച് പറയുന്ന തുക നല്‍കാനുള്ള കഴിവാണ് യഥാര്‍ത്ഥ അധ്യാപന യോഗ്യത.

വാക്കുകള്‍ ഉപയോഗിച്ച് വെടക്കാക്കുന്നതില്‍ നാമെന്നും മുന്‍പിലാണ്. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ വളരെ ഉയര്‍ന്ന ബഹുമാനം കിട്ടിയവരെ മാത്രം വിളിച്ചിരുന്ന സാര്‍ പദവി നാം എല്ലാവര്‍ക്കും നല്‍കിയതും ഇന്റര്‍നാഷണല്‍ എന്ന വാലോടെ കോഴിക്കൂട് പോലുള്ള സ്കൂളുകള്‍ ഉണ്ടാക്കിയതും. എന്നിട്ടും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് പ്രധാനമായും നാം കാണുന്നത് സിനിമയും ഫെയ്സ്ബുക്കും. നല്ല തലച്ചോറിനേയും അതിന്റെ പ്രവര്‍ത്തങ്ങളേയും കുറിച്ചുള്ള പഠനങ്ങള്‍ വളരെയധികം പുരോഗമിച്ച ഇക്കാലത്തും നാം പഠിക്കാനും പഠിപ്പിക്കാനും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട രീതി തന്നെയാണ്. പലയിടങ്ങളിലും അത്യാധുനിക സാങ്കേതിക വിദ്യകളായ ഡിജിറ്റല്‍ ബോര്‍ഡും മറ്റും ഉണ്ടെങ്കിലും പഠനരീതിയും പഠനത്തോടുള്ള സമീപനവും ഇന്നും പഴയത് തന്നെ. കാളവണ്ടി വലിക്കാന്‍ കാളക്ക് പകരം ട്രെയിനിന്റെ എഞ്ചിന്‍ ഉപയോഗിച്ചാല്‍ കാളവണ്ടിയുടെയോ ട്രെയിനിന്റെയോ പ്രയോജനം ലഭിക്കാത്ത അവസ്ഥയുണ്ടാവും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതോടൊപ്പം വിദ്യാഭ്യാസ രീതിയും, അറിവ് സമ്പാദിക്കുന്നതിനോടുള്ള മനോഭാവവും പഠിപ്പിന്റെ രീതിയും മാറേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പഴകി വീഴാറായ ഒരു കെട്ടിടത്തിന്റെ പെയിന്റിന്റെ നിറം മാത്രം മാറ്റിയ അവസ്ഥയിലാവും നാം.

ഔപചാരിക വിദ്യാഭ്യാസ കാലഘട്ടത്തിലും അതിനുശേഷവും കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ആവശ്യം നമുക്കുണ്ട്. ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇന്നത്തെ പരീക്ഷയില്‍ മാര്‍ക്ക്‌ വാങ്ങാനുള്ള ഒരു പ്രധാന ആയുധമാണ് ഓര്‍ത്തിരിക്കല്‍. കാര്യങ്ങള്‍ ശരിയായി ഓര്‍ത്തിരിക്കാന്‍ കഴിയുന്നത് ഏത് വിദ്യാര്‍ത്ഥിക്കും മുതല്‍ക്കൂട്ടാണ്. ക്ലാസ്സ്‌ മുറിയില്‍ പഠിപ്പിക്കുന്നതും, വായിച്ച് മനസ്സിലാക്കുന്നതും നോട്ടെഴുതിയെടുത്ത് പിന്നീട് ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ നമ്മുടെ സാധാരണ നോട്ടെഴുതല്‍ ഒരു പഴഞ്ചന്‍ രീതിയാണ് എന്ന് പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവര്‍ ധാരാളമുണ്ടാകും. പഴഞ്ചന്‍ എന്നതിനേക്കാള്‍ യോജിക്കുക അശാസ്ത്രീയം എന്ന പദമായിരിക്കും. നമ്മുടെ തലച്ചോറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതി, നമ്മുടെ ശരീരശാസ്ത്രപരമായ പ്രത്യേകത തുടങ്ങിയവയൊക്കെ പരിഗണിച്ച് ഒരു വിശകലനം നടത്തിയാല്‍ മാത്രമേ ഇതിന്റെ അശാസ്ത്രീയത വെളിപ്പെടുകയുള്ളൂ.

നമ്മുടെ നോട്ടുബുക്കുകള്‍ പൊതുവേ കുത്തനെ ഉള്ളവയാണ്. അതായത് താഴേക്ക് കൂടുതല്‍ ഇടയുള്ളവ. എന്നാല്‍ നമ്മുടെ കൈകള്‍ താഴേക്കും മുകളിലേക്കും ചലിപ്പിക്കുന്നതിലും എളുപ്പം വശങ്ങളിലേക്ക് ചലിപ്പിക്കുന്നതാണ്. ഒരേപോലുള്ള കാര്യങ്ങള്‍, ഒരേനിറങ്ങള്‍, ആവര്‍ത്തിക്കള്‍ ഇവയൊക്കെ നമുക്ക് വളരെ വേഗം വിരസതയുണ്ടാക്കുന്നു. സാധാരണയായി നോട്ടുപുസ്തകങ്ങളില്‍ കറുപ്പ് അല്ലെങ്കില്‍ നീല എന്ന ഏതെങ്കിലും ഒരു നിറം മാത്രമേ കാണാറുള്ളൂ. ഭൂരിഭാഗം ആളുകളും തങ്ങള്‍ കേള്‍ക്കുന്ന കാര്യങ്ങളെ മനസ്സില്‍ ഒരു ചിത്രമാക്കി മാറ്റാറുണ്ട്. ഉദാഹരണമായി ആന എന്ന് കേള്‍ക്കുമ്പോള്‍ നാം മനസ്സില്‍ കാണുന്നത് ആ എന്നും ന എന്നുമുള്ള അക്ഷരങ്ങളെയല്ല മറിച്ച് ആനയുടെ രൂപത്തെയാണ്. നമ്മുടെ തലച്ചോറിന്റെ ഈ പ്രത്യേകതയും പരസ്പരം ബന്ധപ്പെടുത്തി ഒന്നില്‍ നിന്ന് ഒന്നിനോടു ബന്ധപ്പെട്ടു ചിന്തിക്കാനുമുള്ള ഈ കഴിവിനെ കൂടുതലായി ഉപയോഗിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ്‌ മനശാസ്ത്രജ്ഞനായ ടോണി ബുസാന്‍ രൂപപ്പെടുത്തിയ സങ്കേതമാണ് മൈന്‍ഡ് മാപ്പിംഗ്. മൈന്‍ഡ് മാപ്പിംഗ് എന്ന പടം ഉപയോഗിച്ചത്‌ ടോണി ബുസാന്‍ ആണെങ്കിലും മൂന്നാം ശതകം മുതല്‍ പലരും ഇത്തരത്തിലുള്ള നോട്ടെഴുത്ത് സങ്കേതങ്ങള്‍ ഉപയോഗിച്ചിരുന്നു. ഐസക്‌ ന്യൂട്ടനും, ഐന്‍സ്റ്റീനും, ഡാവിഞ്ചിയുമൊക്കെ തങ്ങളുടെ ആശയങ്ങള്‍ പലപ്പോഴും രേഖപ്പെടുത്തിയിരുന്നത് മൈന്‍ഡ്‌ മാപ്പ് രൂപത്തില്‍ ആയിരുന്നു.

എട്ടുകാലിയുടെ കാലുകള്‍ പോലെ മധ്യത്തിലുള്ള ശരീരത്തില്‍ നിന്നും വിവിധ ദിശയിലേക്ക് പോകുന്ന ബ്രാഞ്ചുകളായാണ് മൈന്‍ഡ്‌ മാപ്പ് രൂപപ്പെടുത്തുക. മൈന്‍ഡ് മാപ്പിംഗ് പഠിപ്പിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണെങ്കിലും പല വിദേശ രാജ്യങ്ങളിലും ഇത്തരം പരിശീലന കേന്ദ്രങ്ങളുണ്ട്. എന്താണ് മൈന്‍ഡ് മാപ്പെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പവഴി ഒരെണ്ണം സ്വയം നിര്‍മ്മിക്കുകയാണ്. മൈന്‍ഡ്‌ മാപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളെ അറിഞ്ഞാല്‍ ആര്‍ക്കും മൈന്‍ഡ്‌ മാപ്പില്‍ കൈവയ്ക്കാവുന്നതാണ്.

മൈന്‍ഡ് മാപ്പിനുള്ള 7 ചുവടുകള്‍

മൈന്‍ഡ് മാപ്പുണ്ടാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ ശൈലികള്‍ പിന്നീട് രൂപപ്പെടുത്തുമെങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

  1. വരയിടാത്ത കടലാസാണ് ഉപയോഗിക്കേണ്ടത്. അത് വിലങ്ങനെ വയ്ക്കുക. അതായത് നീളം കൂടിയ ഭാഗം വിലങ്ങനെ ഇരിക്കുന്നതുപോലെ കടലാസ വച്ചിട്ട് കടലാസിന്റെ മധ്യഭാഗത്ത്‌ നിന്നും തുടങ്ങുക. മധ്യഭാഗത്ത്‌ നിന്ന് തുടങ്ങുമ്പോള്‍ എല്ലാ ഭാഗത്തേക്കും സ്വതന്ത്രമായി വിഹാരിക്കാനുള്ള അവസരമാണ് നാം മസ്തിഷ്കത്തിന് നല്‍കുന്നത്.
  2. എന്താണോ മൈന്‍ഡ് മാപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, അതുമായി ബന്ധപ്പെട്ടതോ അതിനെ സൂചിപ്പിക്കുന്നതോ ആയ ഒരു ചിത്രം മധ്യത്തില്‍ വരക്കുകയോ വെട്ടി ഒട്ടിക്കുകയോ ചെയ്യുക. ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണ്. ചിത്രം നമ്മുടെ ശ്രദ്ധയെ പിടിച്ച് നിര്‍ത്താനും വീണ്ടും ഓര്‍മയിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.
  3. മൈന്‍ഡ് മാപ്പില്‍ ഉടനീളം ധാരാളം നിറങ്ങള്‍ ഉപയോഗിക്കുക. വിവിധ നിറങ്ങളിലുള്ള സ്കെച്ച് പേനകളോ ഉപയോഗിക്കുക. നിറങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ഉത്തേജിതമായ തലച്ചോറിന്റെ കാര്യക്ഷമതയും ഏറും.
  4. നടുവിലെഴുതിയ പ്രധാന ആശയത്തിന് (ചിത്രത്തിന്) ചുറ്റുമായി ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളെ (Key points) സൂചിപ്പിക്കുന്ന വാക്കുകള്‍ എഴുതുക. മധ്യത്തിലുള്ള ചിത്രത്തില്‍ നിന്ന് ഓരോ വാക്കിലേക്കും വര വരച്ച് ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക. ഇങ്ങനെ എഴുതിയ ഓരോ ആശയത്തിനോടും ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്തതായി എഴുതി തുടങ്ങുക.
  5. പരസ്പര ബന്ധമുള്ള ആശയങ്ങള്‍ തമ്മില്‍ വളഞ്ഞ വരകൊണ്ട് ബന്ധിപ്പിക്കുക. കൃത്യമായ്‌ നേര്‍രേഖ തലച്ചോറില്‍ വിരസതയുണ്ടാക്കുന്നു. ശിഖിരങ്ങളുള്ള മരത്തിനെ സൂചിപ്പിക്കുന്ന രീതിയിലുള്ള വരകള്‍ കൂടുതല്‍ ആകര്‍ഷണീയവും മസ്തിഷ്ക സൗഹാര്‍ദ്ദപരവുമാണ് (Brain friendly).
  6. ഒരു വരയില്‍ ഒരു ആശയം മാത്രമായി ഉപയോഗിക്കുക. കൂടുതല്‍ വ്യക്തമായി ആശയങ്ങള്‍ മനസ്സിലാക്കാനും ഓര്‍മയില്‍ നിലനിര്‍ത്താനും ഇത് സഹായിക്കും.
  7. കഴിയുന്നതിടത്തെല്ലാം ഉചിതമായ ചിത്രങ്ങള്‍ ഉപയോഗിക്കുക. ഒരു ചിത്രം ആയിരം വാക്കുകള്‍ക്കു തുല്യമെന്ന് കരുതിയാല്‍ പത്ത്‌ ചിത്രങ്ങളുള്ള ഒരു മൈന്‍ഡ് മാപ്പ് പതിനായിരം വാക്കുകളുള്ള ഒരു സാധാരണ നോട്ടിന് സമാനമാണ്.

നിങ്ങളെ കുറിച്ച് ഒരു ഖണ്ഡിക എഴുതുക എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു 8 വയസ്സുകാരന്‍ എഴുതിയത് ഇപ്രകാരമാണ്. എന്റെ പേര് സോഹന്‍. എന്റെ വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും ചേട്ടനും ഉണ്ട്. അമ്മ ടീച്ചറാണ്. അച്ഛന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. അനിയത്തി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ചേട്ടന്‍ എഞ്ചിനീയര്‍ ആണ്. മൈന്‍ഡ് മാപ്പിങ്ങില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കും.

ഇത്തരത്തില്‍ വളരെ ലളിതമായ കാര്യങ്ങള്‍ മാത്രമേ മൈന്‍ഡ്‌ മാപ്പിംഗ് ഉപയോഗിച്ച് രേഖപ്പെടുത്താന്‍ കഴിയൂ എന്ന് തെറ്റിദ്ധരിക്കരുത്. വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പോലും അല്പം ശ്രമിച്ചാല്‍ ഈ രീതിയില്‍ രേഖപ്പെടുത്താം. സാധാരണ നോട്ടെഴുതുമ്പോള്‍ ഇടയ്ക്ക് എന്തെങ്കിലും കാര്യം എഴുതി ചേര്‍ക്കണമെങ്കില്‍ വളരെ പ്രയാസമാണ്. എന്നാല്‍ മൈന്‍ഡ് മാപ്പിംഗ് രീതിക്ക് ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല.

മൈന്‍ഡ് മാപ്പിംഗ് സോഫ്റ്റ്‌വെയറുകള്‍

മൈന്‍ഡ് മാപ്പ് ചെയ്യാന്‍ അനേകം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ Imindmap, Xmind എന്നിവയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. Imindmap വികസിപ്പിച്ചിരിക്കുന്നത് ടോണി ബുസാന്റെ സ്ഥാപനമാണ്. Xmind ല്‍ പലതരത്തിലുള്ള കണ്‍സപ്റ്റ്‌ മാപ്പിംഗ് (മൈന്‍ഡ് മാപ്പിംഗ് പോലുള്ളവയുടെ പൊതുവായ പേര്) ചെയ്യാന്‍ സാധിക്കും. മുകളില്‍ പറഞ്ഞ രണ്ടു സോഫ്റ്റ്‌വെയറുകളും കുറച്ചുകാലം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഇവ കൂടാതെ സിമ്പിള്‍ മൈന്‍, ബ്രെയ്ന്‍ തുടങ്ങി അനേകം സോഫ്റ്റ്‌വെയറുകള്‍ ഉണ്ട്.

പരീക്ഷക്ക്‌ പഠിക്കുന്ന വിദ്യാര്‍ത്ഥിയായാലും പഠിപ്പിക്കാന്‍ തയ്യാറെടുക്കുന്ന അധ്യാപകരായാലും തങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ മൈന്‍ഡ്‌ മാപ്പിങ്ങിന്റെ സാധ്യതകള്‍ സഹായിക്കും. പഠിച്ച വിഷയങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസരത്തില്‍ സാധാരണ നോട്ടുകളെക്കാള്‍ വളരെയേറെ ഉപയോഗപ്രദമാണ് മൈന്‍ഡ്‌ മാപ്പുകള്‍. സ്വന്തമായി വാക്കില്‍ ഉത്തരം എഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരും മൈന്‍ഡ് മാപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ തണല്‍ നല്‍കുന്ന നോട്ടുകള്‍ വള്ളിപുള്ളി വിടാതെ എഴുതിയാല്‍ മാത്രമേ മാര്‍ക്ക്‌ നല്‍കൂ. അത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നാട്ടൂരുന്ന സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ഓര്‍മയില്‍ സൂക്ഷിക്കേണ്ടവ എളുപ്പത്തില്‍ സൂക്ഷിക്കുവാനും വീണ്ടും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കാനും ആഗ്രഹിക്കുന്ന ഏവര്‍ക്കും മൈന്‍ഡ്‌ മാപ്പിംഗ് എന്ന ചിത്രവിദ്യ പരീക്ഷിച്ചു നോക്കാവുന്നതാണ്. മനപ്പാഠമാക്കുന്നവര്‍ക്കല്ല മനസ്സിലാക്കി പടിക്കുന്നവര്‍ക്കാന് മൈന്‍ഡ് മാപ്പിംഗ് പ്രയോജനപ്പെടുക. മനപ്പാഠമാക്കലിന്റെ ശീലത്തില്‍ നിന്നും മനസ്സിലാക്കലിന്റെ ആനന്ദാനുഭവത്തിലേക്ക് മാറാന്‍ മൈന്‍ഡ് മാപ്പിംഗ് കാരണമായേക്കാം.

സുബിന്‍ കെ തോട്ടില്‍ 

NO COMMENTS

LEAVE A REPLY